'ചുവന്ന റോസ' എന്ന് സഖാക്കളാൽ സ്നേഹപൂർവ്വം സംബോധന ചെയ്യപ്പെട്ട, റോസാ ലക്സംബർഗ്, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു വഴിവിളക്കായി എന്നും ജ്വലിച്ചു നിൽക്കുന്നു. മാർക്സിസത്തിന്റെ ജൈവികത നിലനിർത്താനായി ലെനിനുമായിപ്പോലും ആശയപ്പോരാട്ടങ്ങളിലേർപ്പെട്ട റോസാ, എന്നും ഒരു പോരാളിയായിരുന്നു.
റഷ്യൻ സാമ്രാജ്യത്തിൻ്റെ ഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിലെ സ്മോസ്ക് എന്ന ഗ്രാമത്തിൽ ഒരിടത്തരം ജൂതകുടുംബത്തിൽ 1871 മാർച്ച് 5-ാം തിയ്യതി ജനിച്ച റോസാ, മാതാപിതാക്കളുടെ അഞ്ചുമക്കളിൽ ഏറ്റവും ഇളയതായിരുന്നു. അവൾക്ക് രണ്ടരവയസ്സുള്ളപ്പോൾ കുടുംബം വാഴ്സയിലേക്ക് താമസം മാറ്റി. അഞ്ചാം വയസ്സിൽ ഇടുപ്പിന് ബാധിച്ച രോഗത്തിന്റെ ഫലമായി ഒരല്പം മുടന്തുമായി റോസയ്ക്ക് ശിഷ്ടജീവിതം നയിക്കേണ്ടിവന്നു.
വംശീയ അസമത്വത്തിന്റെ രുചി കുഞ്ഞുന്നാളിലേ അനുഭവിച്ചറിയാൻ റോസയ്ക്ക് സാധിച്ചിരുന്നു. വാഴ്സയിലെ മികച്ച ഒരു വിദ്യാലയത്തിൽ പ്രവേശനം തേടിച്ചെന്ന റോസയുടെ പിതാവിന് കിട്ടിയ മറുപടി, അവിടെ ജൂതക്കുട്ടികൾക്ക് പ്രവേശനമില്ല എന്നായിരുന്നു. റോസയിലെ വിപ്ലവകാരിയെ ഉണർത്താൻ സ്വാഭാവിക മായും ഈ അനുഭവവും ഒരു പ്രേരണയായിട്ടുണ്ടാവണം.
സാർ ഭരണത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയായിരുന്നു, അക്കാലത്ത് പോളണ്ടിലേത്. സ്കൂളുകളിൽ പോളിഷ് ഭാഷ നിരോധിക്കപ്പെട്ടിരുന്നു. അതിനെതിരെ സ്കൂളിൽ നടന്ന പ്രക്ഷോഭങ്ങളിൽ റോസ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു. വഴക്കാളിയെന്നും ധിക്കാരിയെന്നും തർക്കക്കാരിയെന്നുമെല്ലാമുള്ള വിശേഷണങ്ങൾ കൗമാരം തൊട്ടേ റോസയ്ക്ക് ചാർത്തികിട്ടിയിരുന്നു. അധികാരസ്ഥാനങ്ങളിൽ നിന്നും തൊടുത്തിവിട്ടുകൊണ്ടിരുന്ന അനീതികളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന കാര്യത്തിൽ പക്ഷേ റോസ ഒരു അലംഭാവവും കാട്ടിയില്ല.
കൗമാരകാലത്തുതന്നെ, പോളണ്ടിലെ ആദ്യ മാർകിസിസ്റ്റ് സംഘടനകളിലൊന്നായ "പ്രോലിറ്റേറിയറ്റി"ൽ അംഗമായി ചേർന്നുകൊണ്ട് അവൾ രഹസ്യപ്പോലീസിന്റെ നോട്ടപ്പുള്ളിയായി. അതിനാൽ, വിപുലമായ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയാകാനാഗ്രഹിച്ചുകൊണ്ട് പോളണ്ടിൽ നിന്നും പുറത്തുകടക്കാൻ അവൾ ആഗ്രഹിച്ചു. താൻ പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടനയുടെ സഹായത്തോടെ അവൾ വാഴ്സയിൽ നിന്നും രഹസ്യമായി കടന്നുകളഞ്ഞു. ഒരു കള്ളക്കടത്ത് സംഘത്തോടൊപ്പമായിരുന്നു ആ രഹസ്യയാത്ര. ഒരു വൈക്കോൽ വണ്ടിയിൽ, വൈക്കോൽ കുമ്പാരത്തിനുള്ളിൽ ഒളിച്ചുകിടന്നുകൊണ്ട് അവൾ പോളണ്ടിന്റെ അതിർത്തി കടന്നു. അന്ന് റോസയ്ക്ക് ഇരുപത് വയസ്സ് തികഞ്ഞിരുന്നില്ല. സൂറിച്ചിലെത്തിയ റോസ, സൂറിച്ച് സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയായി. അവിടെ നിയമവും രാഷ്ട്രധനതത്വശാസ്ത്രവുമായിരുന്നു ഐച്ഛിക വിഷയങ്ങൾ. “പോളണ്ടിലെ വ്യവസായ വികസനം” എന്ന വിഷയത്തിൽ അവിടെ നടത്തിയ ഗവേഷണത്തിലൂടെ അവർ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇവിടെ വെച്ചുതന്നെയാണ് റോസ് അക്കാലത്തെ പ്രമുഖ സോഷ്യലിസ്റ്റ് വിപ്ലവകാരികളായിരുന്ന അലക്സാൻഡാ കൊല്ലന്തായ്, ഗോർഗി പ്ലഖനോവ്, പവേൽ ആക്സൽ റോഡ് എന്നിവരെ കണ്ടുമുട്ടുന്നത്. അവർ അവിടെ പ്രവാസജീവിതം നയിക്കുകയായിരുന്നു.
തുടർന്ന് ജർമ്മനിയിലേക്ക് കുടിയേറാനും അവിടുത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനും റോസ തീരുമാനിച്ചു. എന്നാൽ ജർമ്മൻ കുടിയേറ്റം അത്ര എളുപ്പമായിരുന്നില്ല. ജർമ്മൻ പൗരത്വം ലഭിക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച്ക്കുറിച്ച് അന്വേഷിച്ചപ്പോൾ റോസയ്ക്ക് ഒരു പിടിവള്ളികിട്ടി. ഒരു ജർമ്മൻ പൗരനെ വിവാഹം കഴിച്ചാൽ മതി. അങ്ങനെയുള്ള ജർമ്മൻ പൗരൻമാരുടെ വിദേശ ഭാര്യയ്ക്ക് ജർമ്മൻ പൗരത്വം ലഭിക്കുന്നതിന് അർഹതയുണ്ടാവും. അതോടെ റോസ് ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. സൂറിച്ചിൽ താൻ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകനുമായി ഒരു വിവാഹ നാടകം. വരന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ അരങ്ങേറിയ ഈ നാടകം 1889 ഏപ്രിൽ 19ന് ആയിരുന്നു. വിവാഹ സർട്ടിഫിക്കറ്റും വാങ്ങി ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീട് 5 വർഷങ്ങൾക്ക് ശേഷം നിയമപരമായി തന്നെ “വിവാഹമോചനവും നടത്തി. അതിനിടയിൽ റോസ് ജർമ്മൻ പൗരത്വവും ലഭിച്ചു. ജർമ്മനിയിലെത്തി രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതോടെയാണ് റോസയുടെ സ്വതന്ത്ര സ്വഭാവം പൂർണമായും പ്രകടമാവുന്നത്.
റോസാ ലക്സംബർഗ് 1893ൽ |
പത്തുലക്ഷത്തിലേറെ വോട്ടർമാരുടെ പിന്തുണയും തൊണ്ണൂറ് ദിനപത്രങ്ങളുടെ ഉടമസ്ഥതയും മൂവായിരത്തി അഞ്ഞൂറിലേറെ മുഴുവൻസമയ പ്രവർത്തകരുമുള്ള ലോകത്തിലെ അന്നത്തെ ഏറ്റവുംവലിയ സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി. പാർട്ടിയുടെ നേതൃത്വം, റോസയെ പാർട്ടിയുടെ മഹിളാവിഭാഗത്തിൽ തളച്ചിടാൻ ശ്രമിച്ചെങ്കിലും റോസ വഴങ്ങിയില്ല. ജർമ്മനിയിൽ പൊതുതെരഞ്ഞെടുപ്പിന്റെ കാലമായിരുന്നു അത്. തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ തന്നെ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെയാണ് ആ ആവശ്യം സ്വീകരിക്കപ്പെട്ടത്. അപ്പർ സൈലേഷ്യയിലെ പോളിഷ് ഭാഷ സംസാരിക്കുന്ന ഖനി-ലോഹതൊഴിലാളികൾക്കിടയിലാണ് റോസ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയത്. തൊഴിലാളികളെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ റോസയെ അവർ പൂമാലകളും പൂച്ചെണ്ടുകളും നൽകിക്കൊണ്ടാണ് ഓരോദിവസവും വരവേറ്റത്. "ചുവന്ന റോസാ" എന്ന് റോസയെ അവർ ഹൃദയത്തിൽ തട്ടിവിളിച്ചു. റോസയുടെ മാതൃകാപൂർണ്ണമായ ഈ പ്രവർത്തനം ജർമ്മൻ പാർട്ടി നേതൃത്വത്തെ ഇരുത്തിചിന്തിപ്പിച്ചു. റോസയെ അതോടെ അംഗീകരിക്കാൻ നേതൃത്വം നിർബന്ധിതരായി.
“മാർകിസത്തിന്റെ മാർപ്പാപ്പ” എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കാൾ കൗട്സ്കിയുടെ കുടുംബസുഹൃത്തായി റോസ. കൗട്സ്കിയുമായി ആശയപരമായി അകന്നപ്പോഴും കൗട്സ്കിയുടെ കുടുംബത്തിന് റോസ എന്നും പ്രിയങ്കരിയായിത്തന്നെ തുടർന്നു. 1896 കാലത്താണ് ജർമ്മൻ പാർട്ടിയുടെ നേതൃത്വനിരയിൽ തന്നെ തിരുത്തൽവാദത്തിന്റെ വിത്തുകൾ പൊട്ടി മുളയ്ക്കാൻ തുടങ്ങിയത്. “സോഷ്യലിസത്തിന്റെ പ്രസക്തി” എന്ന ഒരു ലേഖനത്തിലൂടെ, പാർട്ടിയിലെ തലമുതിർന്ന സൈദ്ധാന്തികരടങ്ങിയ “മാർക്സിയൻ ലേഖനാതിഗത ചിന്തകളുടെ ഒരു പ്രയോക്താവ്” എന്ന് ഏംഗൽസിനാൽ വിശേഷിക്കപ്പെട്ടയാളുമായ കാറൽ കൗട്സ്കി, എഡ്വേർഡ് ബോൺസ്റ്റൈൻ എന്നിവർ തിരുത്തൽവാദത്തിന്റെ വിത്ത് വിതയ്ക്കാനാരംഭിച്ചത്. ഈ ലേഖനത്തിനെതിരെ അതിശക്തമായും യുക്തിഭദ്രമായും പ്രതികരിച്ചു കൊണ്ട് റോസ എഴുതിയ ലേഖനപരമ്പരയാണ്, “തിരുത്തൽവാദമോ വിപ്ലവമോ” എന്നത്. (Reform or Revolution 1900). ഇത് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ജർമ്മനിയിലും പുറത്തും റോസ. മുൻനിര മാർക്സിസ്റ്റ് സൈദ്ധാന്തിക എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു.
ഇന്നത്തെപോലെ അന്നും മാർകിസിസം ഒരു വരട്ടുതത്വമാണെന്ന് പറഞ്ഞ് സമാശ്വസിക്കുന്നവരുണ്ടായിരുന്നു. അന്നവർക്ക് റോസ നൽകിയ മറുപടി ലേഖനമാണ് “സ്റ്റാഗ്നേഷൻ ആന്റ് പ്രോഗ്രസ് ഓഫ് മാർക്സിസം”(1903). മാർക്സിസം വളരുന്ന ഒരു ശാസ്ത്രമാണെന്ന് റോസ അതിൽ അടിവരയിടുന്നു. അവരെഴുതി: “നമ്മുടെ കാലഘട്ടത്തിലെ ആവശ്യങ്ങൾക്ക് മാർക്സ് മതിയാവുകയില്ല എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. മറിച്ച്, സത്യമിതാണ്- മാർക്സിന്റെ നേട്ടങ്ങൾ പൂർണ്ണമായി പ്രയോഗിക്കാൻ മാത്രം നമ്മുടെ ആവശ്യങ്ങൾ വളർന്നിട്ടില്ല.”
1900-ലെ ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസിൽ, സാമ്രാജ്യത്വം, സൈനികത, കൊളോണിയൽ നയങ്ങൾ എന്നിവയ്‌ക്കെതിരായ അന്താരാഷ്ട്ര നടപടികളുടെ ആവശ്യകതയെ അവർ സംസാരിച്ചു. 1904 മുതൽ 1914 വരെ അവർ ഇന്റർനാഷണൽ സോഷ്യലിസ്റ്റ് ബ്യൂറോയിൽ (ISB) പ്രതിനിധീകരിച്ചു.
1905-ൽ റഷ്യയിൽ നടന്ന ഒന്നാമത്തെ വിപ്ലവത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. 1905 ജനുവരി 22 ഞായറാഴ്ച ഒരു ക്രിസ്ത്യൻ പുരോഹിതന്റെ നേതൃത്വത്തിൽ രണ്ടുലക്ഷത്തോളം വരുന്ന റഷ്യൻ തൊഴിലാളികൾ സാർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു ഭീമഹർജിയുമായി ചെന്നു. എന്നാൽ നിരായുധമായ തൊഴിലാളികൾക്ക് നേരെ പട്ടാളം നിർദ്ദയം വെടിവയ്ക്കുകയാണുണ്ടായത്. രണ്ടായിരത്തോളം പേർ അവിടെ മരിച്ചു വീണു. അതിലിരട്ടി പേർക്ക് മാരകമാംവിധം പരിക്കേറ്റു. ഈ ദാരുണ സംഭവം പക്ഷേ ഭരണകൂടത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി റഷ്യൻ തൊഴിലാളികളെ ഭയപ്പെടുത്തുന്നതിന് പകരം രോഷകുലരാക്കുകയാണ് ചെയ്തത്. ഭരണകൂടത്തിന്റെ ഈ പൈശാചികതയ്ക്കെതിരെ റഷ്യൻ തൊഴിലാളികളും സാധാരണ ജനങ്ങളും സടകുടഞ്ഞെഴുന്നേറ്റു. ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ തൊഴിലാളികൾ പണിമുടക്കിക്കൊണ്ട് സാർഭരണത്തിനെതിരെ രംഗത്തിറങ്ങി. ജനുവരി അവസാനത്തോടെ റഷ്യയിൽ പണിമുടക്കിയ തൊഴിലാളികളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു എന്നാണ് കണക്ക്. അങ്ങനെ റഷ്യയിൽ ഒന്നാം വിപ്ലവത്തിന് തുടക്കമായി.
റഷ്യയിലെ ഈ ബഹുജനമുന്നേറ്റത്തിൽ നേരിട്ട് പങ്കാളിയാകാൻ റോസ ദൃഢനിശ്ചയം ചെയ്തു. പാർട്ടി നേതൃത്വത്തോട് അവർ അനുമതിക്കായി അപേക്ഷിച്ചു. ആദ്യം നിരസിക്കപ്പെട്ടെങ്കിലും റോസയുടെ ദൃഢനിശ്ചയത്തിനുമുമ്പിൽ പാർട്ടി വഴങ്ങു കയായിരുന്നു. ഒരു വ്യാജപാസ്പോർട്ടിൽ റഷ്യയിലേക്ക് യാത് തിരിച്ച റോസ, അതിർത്തിയിലെത്തിയതോടെ തുടർന്നുള്ള യാത്ര അസാദ്ധ്യമാണെന്ന് ബോദ്ധ്യമായി, പോളണ്ടിലേക്കുള്ള എല്ലാ ഗതാഗതമാർഗ്ഗങ്ങളും അതിർത്തിയിൽ കർശനമായി തടയപ്പെട്ടിരുന്നു. നുഴഞ്ഞുകയറാനുള്ള മാർഗ്ഗം റോസയ്ക്ക് കണ്ടത്താൻ ആയില്ല. എന്നാൽ വിട്ടുകൊടുക്കാൻ റോസ തയ്യാറല്ലായിരുന്നു. അതിസാഹസികമാം വിധം മനോദാർഢ്യം സ്വായത്തമായ റോസ പട്ടാളക്കാർക്ക് മാത്രം സജ്ജമാക്കിയ ഒരു തീവണ്ടി വാഴ്സയിലേക്ക് പോകുന്ന വിവരം അറിഞ്ഞു. ഒരനുഭാവിയായ പട്ടാളക്കാരനെ സ്വാധീനിച്ചു അയാളുടെ യൂണിഫോം സംഘടിപ്പിച്ചു, പട്ടാളക്കാരന്റെ വേഷത്തിൽ റോസ വണ്ടിയിൽ കയറികൂടി.
വാഴ്‌സയിൽ സാഹസികമായി എത്തിച്ചേർന്ന റോസയ്ക്ക് പക്ഷേ, വിപ്ലവം പരാജയപ്പെടാൻ പോകുന്നതിന്റെ സൂചനകളാണ് അവിടെനിന്ന് ലഭിച്ചത്. മോസ്കോവിലെ കലാപം അടിച്ചമർത്തി കഴിഞ്ഞിരുന്നു. അതിനിടയിൽ റോസ റഷ്യയിലെത്തിച്ചേർന്ന വാർത്ത ജർമ്മൻ പത്രങ്ങൾ വഴി പുറത്തുവന്നതോടെ, റഷ്യൻ രഹസ്യപ്പോലീസുകാർ റോസയ്ക്കായി പരക്കംപാഞ്ഞു. 1906 മാർച്ച് നാലിന് റോസ പിടിയിലായി. ജയിലിലും അവർ വെറുതെ ഇരുന്നില്ല. റഷ്യൻ ജയിലിലെ മനുഷ്യത്വരഹിതമായ ചെയ്തു പെരുമാറ്റങ്ങൾക്കെതിരെ അവർ നിരാഹാരമനുഷ്ഠിച്ചു. അതോടെ റോസ തീർത്തും ശയ്യാവലംബിയായി രക്തക്കുറവും ഞരമ്പുരോഗലക്ഷണവും സ്ഥിരീകരിക്കപ്പെട്ടതോടെ അവർക്ക് ജാമ്യമനുവദിക്കാൻ അധികാരികൾ നിർബന്ധിതരായി. പാർലിമെന്ററിസത്തിന്റെ മോഹവലയത്തിലായ ജർമ്മൻ പാർട്ടി നേതൃത്വത്തിന് റോസയുടെ നിലപാടുകളംഗീകരിക്കാൻ പ്രയാസമായിരുന്നു. റോസയാകട്ടെ നേതൃത്വത്തിന്റെ പാർലിമെന്ററി വ്യാമോഹങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയത്. അതോടെ ഭൂരിപക്ഷം നേതാക്കളുടെയും കണ്ണിലെ കരടായിമാറി റോസ.
1906-ൽ വാഴ്‌സ ജയിലിൽ നിന്ന് എടുത്ത റോസ ലക്സംബർഗിന്റെ മഗ്ഷോട്ട് |
1906 ലാണ് ജർമ്മനിയിൽ പാർട്ടി വിദ്യാഭ്യാസം വിപുലപ്പെടുത്തൽ ലക്ഷ്യമിട്ടുകൊണ്ട് ഒരു കേന്ദ്രപാർട്ടി സ്കൂൾ സ്ഥാപിച്ചത്. ബഹുജനമുന്നണികളിലും പാർട്ടി സംഘടനയിലും പെട്ടവർക്ക് ആറുമാസം വീതം നീണ്ടുനിൽക്കുന്ന പരിശീലനമായിരുന്നു നടത്തിയത്. 1907 ൽ റോസ ഈ സ്കൂളിൽ അധ്യാപികയായി ചുമതലയേറ്റു. മാർകിസിയൻ തത്വസംഹിതകൾ ചർവ്വിത ചർവ്വണം ചെയ്യുകയല്ല, അദ്ധ്യാപികയെന്ന നിലയിൽ റോസ ചെയ്തത്. മാർക്സിയൻ സാമ്പത്തികസിദ്ധാന്തങ്ങളെ ഗവേഷണബുദ്ധിയോടെ സമീപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ പ്രവർത്തനങ്ങളിലാണ് അവർ മുഴുകിയത്. പാർട്ടി സ്കൂളിലെ മാതൃകാദ്ധ്യാപിക എന്ന അംഗീകാരം അവർക്ക് അതോടെ കൈവന്നു. ഒപ്പം തന്നെ മൂലധനത്തിന്റെ സമാഹരണം എന്ന മഹത്തായ പഠനം ഈ കാലഘട്ടത്തിൽ അവർ ലോകത്തിന് സമർപ്പിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തിലൂടെ പ്രസ്ഥാനത്തിൽ തന്റെ സ്ഥാനം ഇടതുപക്ഷത്തുതന്നെയാണെന്ന് മാസ സംശയരഹിതമായി പ്രഖ്യാപിക്കുകയായിരുന്നു. അക്രമമാർഗ്ഗത്തി ലൂടെയാണെങ്കിൽപോലും മുതലാളിത്തത്തെ അധികാര ഭ്രഷ്ടമാക്കണമെന്ന് അവർ പറഞ്ഞുറപ്പിക്കുന്നു. അങ്ങനെ പാർട്ടിയിലെ തന്റെ സഹപ്രവർത്തകരായ ബേബൽ, കൗട്സ്കി എന്നിവരിൽ നിന്നും സൈദ്ധാന്തികമായി അവർ അകലാൻ തുടങ്ങുകയും ചെയ്തു.
റോസ ലക്സംബർഗും ക്ലാര സെറ്റ്കിനും |
സാർവ്വദേശീയ സോഷ്യലിസ്റ്റ് ഐക്യത്തെ ജർമ്മൻ പാർട്ടി തള്ളിപ്പറയാനും സങ്കുചിതദേശീയവാദം പ്രചരിപ്പിക്കാനും തുടങ്ങിയതോടെ റോസയും സഖാക്കളും അപകടം കണ്ടറിഞ്ഞു. പാർട്ടി നിലപാട് തിരുത്തിക്കാൻ ശ്രമിച്ച റോസയേയും മറ്റു സഖാക്കളേയും നേതൃത്വം മുദ്രകുത്തിയത് “അരാജകവാദി”കളെന്നും “റഷ്യൻ ഏജന്റുമാർ” എന്നുമായിരുന്നു. തങ്ങളുടെ നിലപാട് പ്രഖ്യാപിക്കാനായി റോസയും സഖാക്കളും തുടർന്ന് “സോഷ്യൽ ഡെമോക്രാറ്റിക് കറസ്പോണ്ടൻസ്" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. സാമ്രാജ്യത്വത്തിനും “മിലിട്ടറിസ” ത്തിനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഈ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങിയതോടെ അത് പട്ടാളത്തിന്റെ സെൻസറിംഗിന് വിധേയമാക്കപ്പെട്ടു. പട്ടാളമേധാവികൾ, സാധാരണക്കാരോട് മനുഷ്യത്വരഹിതമായാണ് പെരുമാറിക്കൊണ്ടിരുന്നത് എന്നത് സംബന്ധമായി പാർലിമെന്റിൽ ഒരു ചോദ്യമുയർന്നപ്പോൾ മറുപടി, അത്തരം ചോദ്യങ്ങളുയർത്താൻ പാർലിമെന്റംഗങ്ങൾക്ക് അനുവാദമില്ലായെന്നായിരുന്നു. ഈ മറുപടിയെ വിമർശിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിൽ പത്രത്തിന്റെ 1914 മെയ് ലക്കത്തിൽ റോസ പ്രതികരിച്ചതിൽ പ്രകോപിതനായ യുദ്ധകാര്യമന്ത്രി അവർക്കെതിരെ കേസെടുത്തു. ജർമ്മൻ സായുധസേനയെ റോസ അപമാനിച്ചു എന്നതായിരുന്നു റോസക്കെതിരെ ഉയർത്തപ്പെട്ട ചാർജ്ജ്. റോസക്കായി കേസ് നടത്താൻ ഉടൻ ഒരു ഡിഫൻസ് കമ്മിറ്റി രൂപീകൃതമായി. പട്ടാള അധികൃതരുടെ ക്രൂരമായ പെരുമാറ്റത്തിന് വിധേയരായവരോട് പ്രതിഭാഗം സാക്ഷികളായി ഹാജരാകാൻ കമ്മിറ്റി ആവശ്യപ്പെട്ടപ്പോൾ ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട്, നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും അതിനായി പതിനായിരങ്ങൾ മുന്നോട്ടുവന്നു. റോസയ്ക്കെതിരായ കേസ് അതോടെ അന്തരീക്ഷത്തിൽ നിന്ന് മാഞ്ഞുപോയി.
ഒന്നാം ലോകമഹായുദ്ധത്തിനെതിരെ
ലോകത്തിന്റെ തലയ്ക്കുമുകളിൽ ഒരു മഹായുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു എന്നും ജർമ്മൻ സാമ്രാജ്യത്തിനുംത്തിനും അതിൽ വലിയ പങ്കുണ്ടെന്നും റോസയും സഖാക്കളും ലോകത്തോട് വിളിച്ചു പറഞ്ഞു. 1913 സപ്തംബറിൽ ഫ്രാങ്ക്ഫൾട്ടിൽ നടത്തിയ ഒരു പ്രസംഗമദ്ധ്യേ റോസ ജനങ്ങളോട് പറഞ്ഞു:“ഫ്രാൻസിലേയും മറ്റു നാടുകളിലേയും നമ്മുടെ സഹോദരൻമാരുടെ മാറിലേയ്ക്ക് തോക്കിന്റെ കാഞ്ചിവലിക്കാൻ നമ്മളോട് കല്പിച്ചാൽ നാമവരോട് ഉറപ്പിച്ചു പറയണം“ഇല്ല സാദ്ധ്യമല്ല” എന്ന്. ഈ പ്രസംഗത്തിന്റെ പേരിൽ ചാർജ്ജ് ചെയ്യപ്പെട്ട കേസിൽ റോസയ്ക്ക് കിട്ടിയത് ഒരുവർഷത്തെ തടവുശിക്ഷയായിരുന്നു.
പാരീസിൽ ചേർന്ന രണ്ടാം ഇന്റർനേഷണലിന്റെ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് റോസ യുദ്ധത്തിനെതിരെയുള്ള തന്റെ നിലപാട് രൂക്ഷമായ ഭാഷയിൽ തന്നെ പ്രകടിപ്പിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതൊരു സാമ്രാജ്യത്വയുദ്ധമാണെന്നും മൂലധനത്തിന് മേൽകൈനേടാൻ ലക്ഷ്യമിട്ടുള്ളതാണ് അതെന്നും ജനങ്ങൾക്ക് ഈ യുദ്ധം ആവശ്യമില്ല എന്നും അവർ ആവർത്തിച്ചു കൊണ്ടേയിരുന്നു. ജർമ്മൻ പാർലിമെന്റിലെ സോഷ്യലിസ്റ്റ് അംഗങ്ങൾ ഒന്നടങ്കം യുദ്ധധനാഭ്യർത്ഥനക്ക് അനുകൂലമായി വോട്ടുചെയ്തു എന്നറിഞ്ഞതോടെ "ഇന്നുമുതൽ സോഷ്യൽ ഡെമോക്രസി ചീഞ്ഞുനാറുന്ന ശവമായി കഴിഞ്ഞു” എന്ന് ഒരു മടിയുമില്ലാതെ റോസ പ്രഖ്യാപിച്ചു. തുടർന്ന് നിരന്തരമായ യുദ്ധവിരുദ്ധ പ്രചാരവേല റോസയും സഖാക്കളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി “സ്പാർട്ടക്കസ് ലെറ്റേഴ്സ്” എന്ന പേരിൽ കല്ലച്ചിൽ അടിച്ച് അതീവരഹസ്യമായി ഒരു പ്രസിദ്ധീകരണം വിതരണം ചെയ്യപ്പെട്ടു. അതിന്റെ ഉറവിടം കണ്ടെത്താൻ അധികൃതർ കഠിനശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒന്നാം ലോകയുദ്ധകാലത്തുടനീളം യുദ്ധവിരുദ്ധ പ്രചാരണവുമായി അത് കൃത്യമായി പുറത്തിറങ്ങിക്കൊണ്ടിരുന്നു. ഫ്രാങ്ക്ഫർട്ട് പ്രസംഗത്തിന്റെ പേരിൽ വിധിക്കപ്പെട്ട തടവുശിക്ഷ 1915 ഫിബ്രവരി മുതലാണ് റോസ അനുഭവിക്കാൻ തുടങ്ങിയത്.
1976 ഫിബ്രവരിയിൽ ജയിൽമോചിതയാവുന്നതിനിടയിൽ “ജൂനിയസ് എന്ന അപരനാമത്തിൽ അവരെഴുതിയ പ്രസിദ്ധമായ ലഘുലേഖയാണ് ‘ജർമ്മൻ സോഷ്യൽ ഡമോക്രസിയിലെ പ്രതിസന്ധി’, ഇത് ജയിലിൽ നിന്നും സമർത്ഥമായി ഒളിച്ചുകടത്തിയ ശേഷം 1916-ൽ സൂറിച്ചിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. (റോമൻ റിപ്പബ്ലിക്കിന്റെ സ്ഥാപനത്തിന് കാരണഭൂതമായ ജനമുന്നേറ്റത്തിന് നേതൃത്വം നൽകിയ ലൂഷ്യസ് ജീനിയസ് ബ്രൂട്ടസിന്റെ പേരിൽ നിന്നാവണം, 'ജൂനിയസ്' എന്ന അപരനാമം റോസ സ്വീകരിച്ചത്. “ജൂനിയസ് പാം ലെറ്റ്സ്” എന്ന പേരിൽ അക്കാലത്ത് പ്രസിദ്ധീകൃതമായ ലേഖനങ്ങൾ മാർക്സിസ്റ്റ് വിജ്ഞാനശാഖയിലെ വിലപ്പെട്ട രേഖകളാണ് അന്നും ഇന്നും. "വിമോചന പോരാട്ടങ്ങളും വിപ്ലവങ്ങളും തൊഴിലാളിവർഗ്ഗത്തെ ചരിത്രം ഏൽപ്പിക്കുന്ന ദൗത്യങ്ങളാണ്. അത് സമൂഹത്തെ ക്രിയാത്മകതയിലേക്കും പുരോഗതിയിലേക്കും സമ്പൂർണ്ണ വികസനത്തിലേക്കും നയിക്കുമ്പോൾ മുതലാളിത്തയുദ്ധങ്ങൾ സമൂഹത്തെ സമ്പൂർണ്ണ നാശത്തിലേക്കാണ് നയിക്കുക” എന്ന റോസ ചേർത്തു പേർത്തും പ്രചരിപ്പിച്ച ആശയം ക്ലാസിക്കൽ മാർകിസത്തിന്റെ പരിപ്രേക്ഷ്യം.
1916 ജൂലായ് മാസത്തിൽ റോസ വീണ്ടും അറസ്റ്റിലായി. കരുതൽ തടങ്കലായിരുന്നു അത്. ഈ കരുതൽ തടങ്കലിന് പിന്നിൽ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുടെ കൈ ഉണ്ടായിരുന്നു എന്ന് പിന്നീട് വെളിവാക്കപ്പെട്ടിട്ടുണ്ട്. നീണ്ട ഈ ജയിൽ വാസത്തിനിടയിലാണ് മഹത്തായ ഒക്ടോബർ വിപ്ലവം നടക്കുന്നത്. ജയിലിൽ വെച്ചുതന്നെ റഷ്യൻ വിപ്ലവത്തെ കുലങ്കഷമായി വിശലകനം ചെയ്തുകൊണ്ട് റോസ എഴുതിയ ലേഖനമാണ് "റഷ്യൻ വിപ്ലവം"
റഷ്യൻ വിപ്ലവവും ജനാധിപത്യവും
ഒന്നാംലോകയുദ്ധത്തിന്റെ ഘട്ടത്തിലെ ഏറ്റവും മഹത്തായ സംഭവമെന്നാണ് റഷ്യൻ വിപ്ലവത്തെ റോസ വിശേഷിപ്പിച്ചത്. വിപ്ലവത്തോടെ വർഗ്ഗബന്ധങ്ങളാകെ പരിണാമവിധേയമാവുക മാത്രമല്ല ഉണ്ടായത് എന്ന് റോസ വിലയിരുത്തുന്നു. പിന്നെയോ, സമൂഹ്യവും സാമ്പത്തികവുമായ ഒട്ടനവധി പ്രശ്നങ്ങളും ഒപ്പം ഉയരുകയുണ്ടായി. “സാറിസത്തിന്റെ പരാജയമായോ ലോകയുദ്ധത്തിന്റെത്തിന്റെ നേട്ടമായോ വിലയിരുത്തപ്പെടേണ്ട ഒന്നല്ല റഷ്യൻ വിപ്ലവം” എന്ന് റോസ അടിവരയിടുന്നു. അത് കൗട്സ്കി അവകാശപ്പെട്ടതുപോലെ “ജർമ്മൻ മുഷ്ടികളിലേന്തിയ ബനറ്റുകളുടെ സേവന'വുമായിരുന്നില്ല. റഷ്യൻ വിമോചനത്തിന്റെ അടിവേര് റഷ്യൻ മണ്ണിൽ തന്നെയാണെന്നവർ ആവർത്തിച്ചുറപ്പിക്കുന്നു. ജനാധിപത്യം. സർവ്വാധിപത്യം, ദേശീയത, ജനാധിപത്യ കേന്ദ്രീകരണം, വോട്ടവകാശം, തുടങ്ങി ഒട്ടനവധി തലങ്ങളെ അതിസൂക്ഷ്മമായി റോസ, റഷ്യൻ വിപ്ലവത്തിൽ വിശകലനം ചെയ്യുന്നുണ്ട്. സ്വന്തം വിയോജിപ്പുകളും നിരീക്ഷണങ്ങളും തുറന്ന് രേഖപ്പെടുത്തുമ്പോഴും വിപ്ലവശില്പികളെ കലവറയില്ലാതെ അഭിനന്ദിക്കാനും റോസ മടിച്ചില്ല.
മാർക്സിസ്റ്റുകാരെന്ന നിലയിൽ നമ്മളൊരിക്കലും ഔപചാരിക ജനാധിപത്യത്തിന്റെ വിഗ്രഹാരാധകരായിക്കൂടാ എന്ന ട്രോട്സ്കിയുടെ ഉപദേശത്തെ റോസ നേരിടുന്നതിങ്ങനെയാണ്. “നമ്മളെപ്പോഴും ബൂർഷ്വാ ജനാധിപത്യം എന്ന രാഷ്ട്രീയ രൂപത്തിൽ നിന്നും സമൂഹമെന്ന ഉൾക്കാമ്പിനെ വേർപെടുത്തി തന്നെയാണ് കണ്ടിട്ടുള്ളത്. നമ്മൾ സാമൂഹ്യ അസമത്വത്തെ മയമില്ലാതെതന്നെ തുറന്നുകാട്ടിയിട്ടുണ്ട്. ഔപചാരിക ജനാധിപത്യം, ഔപചാരിക സ്വാതന്ത്ര്യം എന്നിവയുടെ മധുരമൂറുന്ന പുറന്തോടിനു ഉള്ളിൽ ഒളിപ്പിച്ചുവെച്ച സ്വാതന്ത്ര്യനിഷേധമെന്ന യാഥാർത്ഥ്യത്തേയും നമ്മൾ തുറന്നുകാട്ടിയിട്ടുണ്ട്. അത് പക്ഷേ, സ്വാതന്ത്ര്യത്തേയോ ജനാധിപത്യത്തേയോ നിഷേധിക്കാനല്ല, മറിച്ച് ആ മധുരം പൂശിയ പുറന്തോട്കൊണ്ടുമാത്രം നമുക്ക് തൃപ്തിപ്പെട്ടു കൂടാ എന്ന് തൊഴിലാളിവർഗ്ഗത്തെ ബോദ്ധ്യപ്പെടുത്താനാണ്. അതുവഴി ബൂർഷ്വാ ജനാധിപത്യത്തിന്റെ സ്ഥാനത്ത് സോഷ്യലിസ്റ്റ് ജനാധിപത്യത്തെ സ്ഥാപിക്കണമെന്ന ആവശ്യകതയിലേക്ക് വിരൽ ചൂണ്ടാനുമാണ് അല്ലാതെ ജനാധിപത്യത്തെ മുച്ചൂടും ഉത്മൂലനം ചെയ്യാനല്ല.”
1907ൽ സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സ്റ്റുട്ട്ഗാർട്ട് കോൺഗ്രസിനെ റോസ അഭിസംബോധനചെയ്യുന്നു. (1907)
തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെ അവർ പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നു. സോഷ്യലിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുന്ന നിമിഷം തന്നെ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സമാരംഭിപ്പിക്കുന്നുണ്ടെന്ന് അടിവരയിട്ടുകൊണ്ട് റോസ തുടരുന്നു; ഈ സർവ്വാധിപത്യത്തിൽ ബൂർഷ്വാസി അന്നോളം കൈയടക്കിവെച്ചിട്ടുള്ള സർവ്വ അധികാരങ്ങളും സാമ്പത്തികാവകാശങ്ങളുംങ്ങളും ആക്രമണവിധേയമാവുക തന്നെ ചെയ്യും. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ സൃഷ്ടിക്ക് അത് കൂടിയേ തീരൂ. എന്നാൽ ഈ സർവ്വാധിപത്യം തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യമായിരിക്കണം. അല്ലാതെ വർഗ്ഗത്തിന്റെ പേരിൽ ഒരു ന്യൂനപക്ഷം വരുന്ന നേതൃത്വം കൈയാളുന്ന സർവ്വാധിപത്യമായിരിക്കരുത്. അത് അനുക്രമം മുന്നേറിക്കൊണ്ട് മൊത്തം ജനതതിയുടെ സവിശേഷ പങ്കാളിത്തമുള്ള സർവ്വാധിപത്യമായി മാറുകയും വേണം. യഥാർത്ഥ ജനാധിപത്യമെന്നത് വിയോജിക്കാനുള്ള സ്വതന്ത്ര്യം കൂടിയാണെന്നും റോസ പറഞ്ഞുവയ്ക്കുന്നു. വിപ്ലവശേഷം റഷ്യയിൽ ലെനിൻ സ്വീകരിച്ച പലകാര്യങ്ങളോടും റോസ വിയോജിച്ചെങ്കിൽ, അതിനാധാരമായ ചിന്താപദ്ധതി, ഈ നിലപാടിലൂന്നിയുള്ളതായിരുന്നതിനാലാണ്. തൊഴിലാളി-കർഷക കൗൺസിലുകളിലും സോവിയറ്റുകളിലും കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാടുകളോട് അവർ വിയോജിച്ചു.
അതായത് എല്ലാ അധികാരങ്ങളും സോവിയറ്റുകളിൽ കേന്ദ്രീകരിച്ചതും വിയോജിപ്പുള്ളവരെ ഏകപക്ഷീയമായി പുറത്തുതള്ളിയതും അവർക്ക് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ഈ നടപടി ആത്യന്തികമായി എത്തിച്ചേരുക മദ്ധ്യവർഗ്ഗത്തിന്മേൽ തൊഴിലാളി വർഗ്ഗത്തിന്റെ സർവ്വാധിപത്യത്തിലേക്കല്ല, മറിച്ച് തൊഴിലാളി വർഗ്ഗത്തിന്മേൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവ്വാധിപത്യത്തിലേക്കായിരിക്കും എന്ന് റോസ ഭയപ്പെട്ടിരുന്നു.
ദീപ്തമായ രക്തസാക്ഷിത്വം
പാരീസ് കമ്യൂണിന്റെ പതനത്തിനുശേഷം തൊഴിലാളി വർഗ്ഗത്തിന്റെ പ്രതീക്ഷ ജർമ്മൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയി ലായിരുന്നു. സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയും ആ പാർട്ടി മുന്നേറിയപ്പോൾ ലോകമെമ്പാടുമുള്ള തൊഴിലാളി വർഗ്ഗം അതിനെ പ്രത്യാശയുടെ തുരുത്തായി കണ്ടു. അതിന് പിന്നിൽ ജർമ്മനിയിലെ ജനലക്ഷങ്ങൾ അണിനിരന്നു. ആശയ പ്രചാരണത്തിന് പത്രങ്ങളും ആവശ്യത്തിലേറെ മറ്റു വിഭവങ്ങളുമെല്ലാമുണ്ടായിരുന്ന ആ പ്രസ്ഥാനത്തിന് കീർത്തിപെറ്റ ഒരു പഠനകേന്ദ്രവുമുണ്ടായിരുന്നു. അത് ജർമ്മൻ പാർലിമെന്റിലേക്ക് ഏറ്റവും അധികം അംഗങ്ങളെ തെരഞ്ഞെടുത്തയച്ചു. എന്നാൽ ഈ “സർവ്വശക്ത”മായ പ്രസ്ഥാനം ചരിത്രത്തിലെ ആ വലിയ പ്രതിസന്ധിയെ - ഒന്നാം ലോകയുദ്ധമെന്ന സാമ്രാജ്യത്വയുദ്ധത്തെ - എങ്ങിനെയാണ് നേരിട്ടത്? യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ സാമ്രാജ്യത്വയുദ്ധത്തിനനുകൂലമായ നിലപാട് അത് കൈക്കൊണ്ടു. സോഷ്യലിസത്തെ വഞ്ചിച്ച് നേതൃത്വം, സോഷ്യലിസ്റ്റ് നയം ഉയർത്തിപ്പിടിച്ച റോസയടക്കമുള്ള സഖാക്കൾക്കെതിരെ നിഗൂഢമായ നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. അവരാകട്ടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ തുറന്നു കാണിക്കാനും യുദ്ധവിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തുന്നതിനുമായി തടക്കത്തിൽ “സ്പാർട്ടക്കസ് ലീഗ്” എന്ന രഹസ്യസംഘടനയ്ക്ക് രൂപംകൊടുത്തു. 1916 മെയ് ഒന്നാം തിയ്യതി മുതൽ ഈ സംഘടന പരസ്യപ്രവർത്തനമാരംഭിച്ചു. ബർലിനിൽ സംഘടനയുടെ നേതൃത്വത്തിൽ ഒരു കൂറ്റൻ യുദ്ധവിരുദ്ധ റാലി അരങ്ങേറി. യുദ്ധം തുടങ്ങിയ ശേഷം ജർമ്മനിയിൽ നടന്ന ആദ്യത്തെ യുദ്ധവിരുദ്ധ പ്രകടനമായിരുന്നു അത്. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് നടത്തപ്പെട്ട ഈ പ്രകടനത്തോടനുബന്ധിച്ച് ജനങ്ങളും പോലീസും പലയിടങ്ങളിലും ഏറ്റുമുട്ടി. യുദ്ധത്തിലെ പരാജയം ജർമ്മൻ സാമ്രാജ്യത്തെ തകർത്തുകളഞ്ഞു. "കൈസർ" വിൽഹം രണ്ടാമൻ ഹോളണ്ടിലേക്കോടിപ്പോയി. ചാൻസലറായിരുന്ന മാക്സ് സ്ഥാനം രാജിവെച്ച് സോഷ്യലിസത്തെ വഞ്ചിച്ച ഫ്രെഡറിക് എബർട്ടിനെ സ്ഥാനം ഏൽപ്പിച്ചു. പുതിയ സ്ഥാനലബ്ധിയിൽ പുളകിതനായ എബർട്ട് പ്രഖ്യാപിച്ചത് താൻ ഒരു കഠിന പാപത്തെയെന്നവണ്ണം വിപ്ലവത്തെ വെറുക്കുന്നുവെന്നായിരുന്നു. പിന്നീടെല്ലാം വേഗത്തിൽ നടന്നു. പ്രതിനിധിയെന്ന നിലയിൽ കാൾറാഡക് റഷ്യയിൽ നിന്ന് ജർമ്മനിയിലെത്തുകയും “സ്പാർട്ടക്കസ് ലീഗ്” നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ 1918 ഡിസംബർ 27-ന് ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഔപചാരികമായി രൂപം നൽകുകയും ചെയ്തു. റോസാ ലക്സംബർഗും കാൾ ലീബ്ക്നെക്തും ക്ലാരസെറ്റ്കിനും (ഫെമിനിസത്ത അരാജകവാദത്തിൽ നിന്നും മോചിപ്പിച്ചു മാർക്സിസ്റ്റ് സൈദ്ധാന്തികതയിൽ ഉറപ്പിച്ച വിപ്ലവകാരി ) കാൾറാജെക്കും ലിയോ ജോഗി ഷെസും ചേർന്നു 1918 ൽ രൂപം കൊടുത്തതാണ് ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടി.
ഭരണഘടനാ നിർമ്മാണസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ, തെരഞ്ഞെടുപ്പിൽ സ്പാർട്ടക്കസ് ലീഗ് പങ്കെടുക്കണമെന്ന നിലപാട് റോസ സ്വീകരിച്ചു. തെരഞ്ഞെടുപ്പിലൂടെ പാർലിമെന്റംഗങ്ങളെ സൃഷ്ടിക്കാനായാൽ കമ്യൂണിസ്റ്റാശയങ്ങൾ പരസ്യമായി പ്രചരിപ്പിക്കാൻ പാർലിമെന്ററി വേദി ഉപയോഗിക്കാനാവുമെന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. എന്നാൽ അവരുടെ നിലപാടിന് വിപരീതമായി 1919 ജനുവരി ഒന്നിന് ചേർന്ന ലീഗിന്റെ കൺവെൻഷൻ തീരുമാനമെടുത്തു. ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നിൽക്കാൻ ഒറ്റപ്പെട്ടുപോയ റോസ ഹൃദയഭാരത്തോടെയാണെങ്കിലും തീരുമാനിച്ചു.
ഇതിനിടയിൽ ചാൻസലർ എബർട്ടിന്റെ കുതന്ത്രങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരുന്നു. ഇന്റിപെന്റന്റ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുടെ നേതാവും ഓഗസ്റ്റ് ബേബലിന്റെ അടുത്ത സുഹൃത്തും പുതിയ ഗവൺമെൻ്റിൽ പോലീസ് വകുപ്പിന്റെ ചുമതലക്കാരനുമായിരുന്ന എയ്ഷ് ഹോണ്ടിനെ പുറത്താക്കാൻ ചാൻസലർ ഉത്തരവിട്ടു. ഹോൺ ഈ കല്പന അനുസരിക്കാൻ തയ്യാറായില്ല. ഹോണ്ടിന്റെ പാർട്ടിയും ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയും സംയുക്തപ്രക്ഷോഭമാരംഭിച്ചു. പ്രക്ഷോഭത്തെ എബർട്ട് ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്തി. തുടർന്ന് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റുചെയ്തു.
1919 ജനുവരി 15 ന് റോസാ ലക്സംബർഗ് അറസ്റ്റ് ചെയ്യപ്പെട്ടു. അവരെ കൈകാര്യം ചെയ്യുവാനുള്ള ഉത്തരവാദിത്തം പ്രതിവിപ്ലവശക്തികൾ നയിക്കുന്ന ജർമ്മൻ സർക്കാർ വലതുപക്ഷ ഫ്രങ്കോർവ്സിനെയാണ് ഏൽപ്പിച്ചത്. വലതുസർക്കാർ റോസയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. റോസയെ കസ്റ്റഡിയിൽ പാർപ്പിച്ച ഹോട്ടലിൽ നിന്നു കൊണ്ടുവന്നയുടൻ ഒന്നാം ലഫ്റ്റന്റ് വോഗലിന്റെ നിർദ്ദേശാനുസരണം വാതിൽക്കൽ കാത്തുനിന്ന പട്ടാളക്കാരൻ അയാളുടെ തോക്ക് കൊണ്ട് ധീരയായ ആ കമ്മ്യൂണിസ്റ്റിൻ്റെ മുഖത്ത് രണ്ട് വട്ടം ആഞ്ഞടിച്ചു തലയോട്ടി തകർത്തുകളഞ്ഞു. ഏതാണ്ട് ജീവൻ പോയ അവസ്ഥയിൽ അവരുടെ ശരീരം പുറത്തു കാത്തുനിന്ന കാറിലേക്കെറിഞ്ഞു. ഓഫീസർ വോഗലടക്കം ഏതാനും പട്ടാള ഓഫീസർമാർ അതിൽ ചാടിക്കയറി. അവരിലൊരാൾ റോസയുടെ തകർന്നുപോയ തലയിൽ റിവോൾവർ കൊണ്ട് വീണ്ടും ഇടിച്ചു.
പിറകെ വോഗൽ റിവോൾവർ ഉപയോഗിച്ച് തലക്കും വെടിവെച്ച് അയാളുടെ ദൗത്യം പൂർത്തിയായി. ലീവ് ടെൻസ്റ്റെയിൻ പാലത്തിന് മുകളിൽ നിന്നും പട്ടാള ഓഫീസർ വോഗലിന്റെ നിർദ്ദേശാനുസരണം ആ സഖാവിന്റെ ചേതനയറ്റ ശരീരം ലാൻവേർ കനാലിലേക്ക് വലിച്ചെറിഞ്ഞു. വിപ്ലവത്തിനായി, തനിക്കുള്ളതെല്ലാം സമർപ്പിച്ച റോസാ ലക്സംബർഗ് മാനവികമായി ഒന്നും എനിക്കന്യമല്ല എന്ന് പ്രസ്താവിച്ച കാൾ മാർക്സിന്റെ യഥാർത്ഥ ശിഷ്യയായിരുന്നു.
Comments
Post a Comment